Tuesday, June 23, 2009

ഗൃഹവൈദ്യം - 2

കൊളസ്ട്രോള്‍ കുറയാന്‍ (അമിതവണ്ണം കുറയാനും...)
പാല്‍ ഉറയൊഴിച്ചു വച്ച്‌ രാവിലെ അതിനുമുകളില്‍ കാണുന്ന തെളി ഊറ്റിയെടുത്ത്‌ വെറുംവയറ്റില്‍ കുടിക്കുക. അത്യാവശ്യം ഉപ്പ്‌ ചേര്‍ക്കാം. ഒരുമാസം തുടര്‍ച്ചയായി ചെയ്താല്‍ അത്ഭുതകരമായ ഫലമുണ്ടാവുമെന്ന് അനുഭവസ്ഥര്‍.

അലര്‍ജി - തുമ്മല്‍, ചൊറിച്ചില്‍...
1. മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഗുണമുണ്ടാവുമെന്ന് അനുഭവം.
2. ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുക.*

തേയില മാഹാത്മ്യം.
1. കട്ടന്‍ചായയില്‍ നാരങ്ങാനീരും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ കഴിച്ചാല്‍ വയറ്റിളക്കം (വയറുകടി) മാറും
2. ചെറു ചൂടുള്ള കട്ടന്‍ ചായയില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുന്നത്‌ (Gargle) തൊണ്ടവേദനയ്ക്ക്‌ പരിഹാരമാണ്‌
3. കട്ടന്‍ ചായ കൊണ്ട്‌ തലമുടികഴുകുന്നത്‌ മുടിക്ക്‌ തിളക്കവും ഭംഗിയും നല്‍കും.

അതിസാരം
1. കറിവേപ്പില ഒരുപിടി നന്നായരച്ച്‌ കോഴിമുട്ടയില്‍ ചേര്‍ത്ത്‌ പച്ചയായോ പൊരിച്ചോ കഴിക്കുക. (ആവശ്യമെങ്കില്‍ 2-3 നേരം കഴിക്കണം)*
2. ഇഞ്ചി ഇടിച്ചുപിഴിഞ്ഞ്‌ ഊറല്‍ മാറ്റി 1 ടീസ്പൂണ്‍ എടുത്ത്‌ ഒരു നുള്ള്‌ കറിയുപ്പ്‌ പൊടിച്ചു ചേര്‍ത്ത്‌ പല പ്രാവശ്യം കഴിക്കുക.*

മാസമുറ തുടങ്ങാത്ത കൗമാരക്കാര്‍ക്ക്‌...
അഞ്ചിതളുള്ള ചുവന്ന നാടന്‍ ചെമ്പരത്തിയുടെ പൂവ്‌ 4 എണ്ണം നന്നായരച്ച്‌ കാടിയില്‍ ചേര്‍ത്ത്‌ കൊടുത്താല്‍ അല്‍ഭുതകരമായ ഫലമുണ്ടാവും. (ഗര്‍ഭിണിക്കു കൊടുത്താല്‍ ഗര്‍ഭം അലസും. അതുകൊണ്ടാണ്‌ ഗര്‍ഭിണി ചെമ്പരത്തി താളിപോലും ഉപയോഗിക്കരുതെന്നു പറയുന്നത്‌)
- By സ്വാമി നിര്‍മ്മലാനന്ദഗിരി മഹരാജ്‌

ഇക്കിള്‍ (എക്കിട്ടം)
1. ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്‌ഛ്വസിക്കുക. ഇക്കിള്‍ മാറും.
2. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട്‌ കൊണ്ട്‌ കുറേശ്ശെയായി അലിയിച്ചിറക്കുക.
3. ചുക്ക്‌ അരച്ച്‌ തേനില്‍ ചാലിച്ച്‌ കഴിക്കുക. ക്ഷണത്തില്‍ മാറും.*

ഉറക്കക്കുറവ്‌
ഒരു ഗ്ലാസ്‌ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത്‌ രാത്രി കിടക്കുന്നതിനു മുന്‍പ്‌ കഴിക്കുക.

കുഴിനഖം
1. മയിലാഞ്ചിയും പച്ചമഞ്ഞളും അരച്ച്‌ കുഴിനഖത്തിനു ചുറ്റും പൊതിയുക.
2. കുഴിനഖമുള്ള ഭാഗത്ത്‌ എരുക്കിന്റെ കറ വീഴ്ത്തുക.
3. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകി വയ്ക്കുക.

അമ്ലപിത്തം- Acidity (പുളിച്ചുതികട്ടല്‍...)
1. വേപ്പില 10ഗ്രാം അരച്ച്‌ മോരില്‍ കലക്കി കുടിക്കുക.*
2. പച്ച നെല്ലിക്ക കുരു കളഞ്ഞ്‌ (6 ഗ്രാം) നീരെടുത്ത്‌ ഒരു ഗ്ലാസ്സ്‌ പാലില്‍ കലക്കി ദിവസം 2 നേരം കുടിക്കുക.*

കൃമിശല്യം
1. ഒരു ടീസ്പൂണ്‍ തേന്‍, നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ കലക്കി കഴിക്കുക.*
2. 25ഗ്രാം ഇഞ്ചി കുത്തിപ്പിഴിഞ്ഞ നീരില്‍ സമം ചുവന്നുള്ളി നീരു ചേര്‍ത്ത്‌ അല്‍പ്പനേരം വച്ച്‌ ഊറല്‍ കളഞ്ഞശേഷം ചെറുതേന്‍ ചേര്‍ത്ത്‌ രാത്രി കിടക്കാന്‍ നേരം കഴിക്കുക. ഇതു വിരയുടെയും കൊക്കപ്പുഴുവിന്റെയും ഉപദ്രവത്തിനും ഫലം ചെയ്യും.*

ശരീരപുഷ്ടിയുണ്ടാവാന്‍
1. അരലിറ്റര്‍ തേനില്‍ കാല്‍ കിലോ ഈന്തപ്പഴം ഇട്ടു വെയിലത്ത്‌ വച്ച്‌ വറ്റിക്കുക. തേന്‍ മുഴുവന്‍ ഈന്തപ്പഴത്തില്‍ പിടിച്ചതിനു ശേഷം ഒരു ഭരണിയിലാക്കി സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകീട്ടും ഇതില്‍ 4 ഈന്തപ്പഴം വീതം കഴിച്ച്‌ ഒരു ഗ്ലാസ്സ്‌ പാല്‍ കുടിച്ചു ശീലിച്ചാല്‍ ശരീരം പുഷ്ടി പ്രാപിക്കും.*
2. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ്‌ തൈര്‌ പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുക.

ആസ്ത്‌മയ്ക്ക്‌
1. "ഒരു കോഴിമുട്ട പൊട്ടിക്കാതെ ഒരു ഗ്ലാസ്സില്‍ വയ്ക്കുക. അതു മൂടത്തക്കവിധം ചെറുനാരങ്ങാനീരൊഴിച്ച്‌ 24 മണിക്കൂര്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തോട്‌ അലിയും. മുട്ടയുടെ തോടും അകത്തുള്ളവയും ചെറുനാരങ്ങാനീരും എല്ലാം കൂടി നന്നായി പിഴിഞ്ഞരിച്ച്‌ ഒരു പാത്രത്തില്‍ വയ്ക്കുക. തുല്യഅളവില്‍ ചെറുതേന്‍ ചേര്‍ത്തിളക്കി അടുപ്പത്തുവച്ച്‌ ഒന്നു തിളയ്ക്കുമ്പോള്‍ എടുത്ത്‌ സൂക്ഷിച്ചു വച്ച്‌ ദിവസവും കാലത്തും വൈകീട്ടും ഓരോ വലിയ സ്പൂണ്‍ വീതം കഴിക്കുക. അങ്ങനെ 7 മുട്ട കഴിക്കുമ്പോള്‍ ആസ്മ നിശ്ശേഷം പോകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരുപ്രാവശ്യം ഒരു മുട്ട മാത്രം പാകം ചെയ്യുക. കുട്ടികള്‍ക്ക്‌ കുറച്ചു കൊടുക്കുക." - 'ഗൃഹവൈദ്യം' (DC Books) By പി.വി.തോമസ്‌.
2. തൊട്ടാവാടി സമൂലം അരച്ച്‌ (ഒരു നെല്ലിക്കാ പ്രമാണം) തേങ്ങാപ്പാലില്‍ കലക്കി 15 ദിവസം തുടരെ കഴിക്കുക.*
3. രണ്ടു ടീസ്പൂണ്‍ തുളസി നീര്‌ സമം തേന്‍ ചേര്‍ത്ത്‌ രാവിലെ വെറും വയറ്റില്‍ മുടങ്ങാതെ സേവിക്കുക.*

അര്‍ശസ്സ്‌
പെരിങ്ങല (പെരുവലം, ഒരുവേരന്‍)ത്തിന്റെ വേര്‌ ചതച്ചിട്ട്‌ പശുവിന്‍പാല്‍ കാച്ചി കുടിക്കുക.
പെരിങ്ങലത്തിന്റെ ഇല ചതച്ച്‌ ഗുദഭാഗത്ത്‌ വച്ച്‌ ശീലയുടുക്കുന്നതും ഏറെ ഗുണം ചെയ്യും.*

പുഴുക്കടിക്ക്‌
1. കുടങ്ങലി (കുടകന്‍, മുത്തിള്‍)ന്റെ ഇലയും പച്ച മഞ്ഞളും കൂടി അരച്ച്‌ പുരട്ടുക.*
2. പച്ചമഞ്ഞളും വേപ്പിലയും കൂടി അരച്ച്‌ പുരട്ടുക.

ചൊറിച്ചില്‍
ശരീരം ചൊറിഞ്ഞ്‌ തടിച്ചുപൊങ്ങുന്നതിന്‌ ആവണക്കെണ്ണ (Castor Oil) പുരട്ടുക. വളരെ ഫലപ്രദം.

*ചില വൈദ്യഗ്രന്ഥങ്ങളില്‍ നിന്ന്...

Tuesday, June 2, 2009

ഗൃഹചികിത്സാവിധികളെപ്പറ്റി...

“സ്വാസ്ഥ്യം” ആരംഭിച്ചതു മുതല്‍ അത് ഏറെ പരിഹാസങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

പ്രധാന ആരോപണം, ക്ലിനിക്കല്‍ ട്രയല്‍‌സ് ഒന്നും നടത്തിയിട്ടില്ലാത്ത, യാതൊരു ഫലസിദ്ധിയും തെളിയിക്കപ്പെടാത്തവയാണ് ഇവിടെ നല്‍കിയിരിക്കുന്ന ഗൃഹ വൈദ്യക്കുറിപ്പുകള്‍ എന്നതാണ്.
നേരത്തെ പരാമര്‍ശിച്ചതുപോലെ, നമ്മുടെ മാതാപിതാക്കളും, പിതാമഹന്മാരും സ്വന്തം ജീവിതത്തിലൂടെ ക്ലിനിക്കല്‍ ട്രയല്‍‌സ് നടത്തിയാണ് ഇവയൊക്കെ പുതിയ തലമുറകള്‍ക്ക് കൈമാറിയിട്ടുള്ളത് എന്നു ഞാന്‍ കരുതുന്നു. അറുപതു വയസ്സു കഴിഞ്ഞ അപ്പൂപ്പനോ അമ്മൂമ്മയോ വീട്ടിലുണ്ടെങ്കില്‍ ഈ ചുറ്റിനും കാണുന്ന ഇഞ്ചിക്കും, വെളുത്തുള്ളിക്കും, ഉലുവയ്ക്കും, കറിവേപ്പിലയ്ക്കുമെല്ലാം എന്തെങ്കിലും ഔഷധ ഗുണമുണ്ടോ എന്ന് മുന്‍‌ധാരണയില്ലത്ത മനസ്സോടെ ആരാഞ്ഞറിയാവുന്നതാണ്.

ഇവയൊന്നും ഒരു പക്ഷേ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മെഡിക്കല്‍ ജേര്‍ണലുകളിലൊന്നും പ്രകാശിക്കപ്പെട്ടിരിക്കില്ല. എന്നാല്‍ ഈ മണ്ണില്‍ ജനിച്ചു ജീവിച്ചു മരിച്ച ഒരു നൂറു തലമുറകള്‍ സ്വന്തം ജീവനത്തെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തില്‍ സ്വയം തിരിച്ചറിഞ്ഞ സത്യങ്ങള്‍ പുതു തലമുറകള്‍ക്ക് വാമൊഴിയിലൂടെ പകര്‍ന്നതാണ് ഈ നാട്ടറിവുകള്‍ എന്ന എന്റെ വിശ്വാസത്തോട് ഈ ബൂലോകത്തെ ചിലര്‍ക്കെങ്കിലും യോജിക്കാന്‍ കഴിയുമെന്നു കരുതുന്നു. മറ്റെന്തു ലോകവ്യവഹാരവും പോലെ ഈ രംഗത്തും കള്ളനാണയങ്ങളില്ല എന്ന മൂഢധാരണയൊന്നും എനിക്കില്ല.

ഭാരതീയനു പൈതൃകമായിക്കിട്ടിയ വിജ്ഞാനസമ്പത്തിനെപ്പറ്റിയുള്ള അറിവില്ലായ്മയും ഒരു പരിധിവരെ ഇത്തരം നാട്ടറിവുകളെ കണ്ണുമടച്ചു പുശ്ഛിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. വൈദേശികമായ അറിവു മാത്രമാണ് സത്യസന്ധവും ആശ്രയിക്കാവുന്നതും എന്ന ധാരണയും നമുക്കില്ലാതില്ല.

പ്രമുഖ ആയുര്‍വ്വേദ പണ്ഡിതനും പാശ്ചാത്യ പൌരസ്ത്യ ശാസ്ത്രശാഖകളില്‍ പരിനിഷ്ണാതനുമായ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ ഒരു പ്രഭാഷണം ദാ ഇവിടെ (3ഭാഗങ്ങളായി) കേള്‍ക്കാം. ഓണ്‍ലൈനില്‍ കേള്‍ക്കാന്‍ സൌകര്യമില്ലാത്തവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തും കേള്‍ക്കാവുന്നതാണ്.
ഒരുപക്ഷേ നമ്മുടെ ചില അബദ്ധധാരണകള്‍ തിരുത്താന്‍ അതു പര്യാപ്തമായേക്കും..

“നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ” (ഭഗവദ് ഗീത)
കടപ്പാട്: നിര്‍മ്മലവീചികള്‍ by അശോക്