Tuesday, June 2, 2009

ഗൃഹചികിത്സാവിധികളെപ്പറ്റി...

“സ്വാസ്ഥ്യം” ആരംഭിച്ചതു മുതല്‍ അത് ഏറെ പരിഹാസങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

പ്രധാന ആരോപണം, ക്ലിനിക്കല്‍ ട്രയല്‍‌സ് ഒന്നും നടത്തിയിട്ടില്ലാത്ത, യാതൊരു ഫലസിദ്ധിയും തെളിയിക്കപ്പെടാത്തവയാണ് ഇവിടെ നല്‍കിയിരിക്കുന്ന ഗൃഹ വൈദ്യക്കുറിപ്പുകള്‍ എന്നതാണ്.
നേരത്തെ പരാമര്‍ശിച്ചതുപോലെ, നമ്മുടെ മാതാപിതാക്കളും, പിതാമഹന്മാരും സ്വന്തം ജീവിതത്തിലൂടെ ക്ലിനിക്കല്‍ ട്രയല്‍‌സ് നടത്തിയാണ് ഇവയൊക്കെ പുതിയ തലമുറകള്‍ക്ക് കൈമാറിയിട്ടുള്ളത് എന്നു ഞാന്‍ കരുതുന്നു. അറുപതു വയസ്സു കഴിഞ്ഞ അപ്പൂപ്പനോ അമ്മൂമ്മയോ വീട്ടിലുണ്ടെങ്കില്‍ ഈ ചുറ്റിനും കാണുന്ന ഇഞ്ചിക്കും, വെളുത്തുള്ളിക്കും, ഉലുവയ്ക്കും, കറിവേപ്പിലയ്ക്കുമെല്ലാം എന്തെങ്കിലും ഔഷധ ഗുണമുണ്ടോ എന്ന് മുന്‍‌ധാരണയില്ലത്ത മനസ്സോടെ ആരാഞ്ഞറിയാവുന്നതാണ്.

ഇവയൊന്നും ഒരു പക്ഷേ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മെഡിക്കല്‍ ജേര്‍ണലുകളിലൊന്നും പ്രകാശിക്കപ്പെട്ടിരിക്കില്ല. എന്നാല്‍ ഈ മണ്ണില്‍ ജനിച്ചു ജീവിച്ചു മരിച്ച ഒരു നൂറു തലമുറകള്‍ സ്വന്തം ജീവനത്തെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തില്‍ സ്വയം തിരിച്ചറിഞ്ഞ സത്യങ്ങള്‍ പുതു തലമുറകള്‍ക്ക് വാമൊഴിയിലൂടെ പകര്‍ന്നതാണ് ഈ നാട്ടറിവുകള്‍ എന്ന എന്റെ വിശ്വാസത്തോട് ഈ ബൂലോകത്തെ ചിലര്‍ക്കെങ്കിലും യോജിക്കാന്‍ കഴിയുമെന്നു കരുതുന്നു. മറ്റെന്തു ലോകവ്യവഹാരവും പോലെ ഈ രംഗത്തും കള്ളനാണയങ്ങളില്ല എന്ന മൂഢധാരണയൊന്നും എനിക്കില്ല.

ഭാരതീയനു പൈതൃകമായിക്കിട്ടിയ വിജ്ഞാനസമ്പത്തിനെപ്പറ്റിയുള്ള അറിവില്ലായ്മയും ഒരു പരിധിവരെ ഇത്തരം നാട്ടറിവുകളെ കണ്ണുമടച്ചു പുശ്ഛിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. വൈദേശികമായ അറിവു മാത്രമാണ് സത്യസന്ധവും ആശ്രയിക്കാവുന്നതും എന്ന ധാരണയും നമുക്കില്ലാതില്ല.

പ്രമുഖ ആയുര്‍വ്വേദ പണ്ഡിതനും പാശ്ചാത്യ പൌരസ്ത്യ ശാസ്ത്രശാഖകളില്‍ പരിനിഷ്ണാതനുമായ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ ഒരു പ്രഭാഷണം ദാ ഇവിടെ (3ഭാഗങ്ങളായി) കേള്‍ക്കാം. ഓണ്‍ലൈനില്‍ കേള്‍ക്കാന്‍ സൌകര്യമില്ലാത്തവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തും കേള്‍ക്കാവുന്നതാണ്.
ഒരുപക്ഷേ നമ്മുടെ ചില അബദ്ധധാരണകള്‍ തിരുത്താന്‍ അതു പര്യാപ്തമായേക്കും..

“നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ” (ഭഗവദ് ഗീത)
കടപ്പാട്: നിര്‍മ്മലവീചികള്‍ by അശോക്

14 comments:

വിപിന്‍ said...

“ഇവയൊന്നും ഒരു പക്ഷേ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മെഡിക്കല്‍ ജേര്‍ണലുകളിലൊന്നും പ്രകാശിക്കപ്പെട്ടിരിക്കില്ല. എന്നാല്‍ ഈ മണ്ണില്‍ ജനിച്ചു ജീവിച്ചു മരിച്ച ഒരു നൂറു തലമുറകള്‍ സ്വന്തം ജീവനത്തെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തില്‍ സ്വയം തിരിച്ചറിഞ്ഞ സത്യങ്ങള്‍ പുതു തലമുറകള്‍ക്ക് വാമൊഴിയിലൂടെ പകര്‍ന്നതാണ് ഈ നാട്ടറിവുകള്‍ എന്ന എന്റെ വിശ്വാസത്തോട് ഈ ബൂലോകത്തെ ചിലര്‍ക്കെങ്കിലും യോജിക്കാന്‍ കഴിയുമെന്നു കരുതുന്നു.”
.............................
പ്രമുഖ ആയുര്‍വ്വേദ പണ്ഡിതനും പാശ്ചാത്യ പൌരസ്ത്യ ശാസ്ത്രശാഖകളില്‍ പരിനിഷ്ണാതനുമായ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ ഒരു പ്രഭാഷണം ഇവിടെ കേള്‍ക്കാം.
...............................
ക്രിയാത്മകവും സത്യസന്ധവുമായ അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.

അങ്കിള്‍ said...

തുടരൂ വിപിന്‍. നാട്ടറിവുകള്‍ എഴുതുന്നതില്‍ ഞാനെതിരല്ല. പലതും എന്റെ അച്ചനമ്മമാര്‍ എന്നില്‍ പ്രയോഗിച്ചിട്ടുള്ളതാണ്. ഞാനും അറ്റകൈക്ക് ചിലതൊക്കെ പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് നാട്ടറിവിനെ അടച്ച് ആക്ഷേപിക്കാന്‍ കഴിയില്ല.

തിരഞ്ഞെടുക്കുമ്പോള്‍ വിവേചനം കാണിക്കണം. കാണുന്നതും കേള്‍ക്കുന്നതും എല്ലാം ഇവിടെ രേഖപ്പെടുത്താന്‍ ശ്രമിക്കാതിരുന്നാല്‍ മതി.

ബ്ലോഗുകളില്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്ന പല വിഷയങ്ങളേക്കാല്‍ എന്തു കൊണ്ടും വായന അര്‍ഹിക്കുന്നതു തന്നെയാണ് നാട്ടറിവും. പത്രമാസികകളില്‍ ധാരാളം കണ്ടിട്ടുള്ളതാണിതെല്ലാം.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നമ്മുടെ മഹത്തായ പൈതൃകത്തെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് ഇവയൊന്നും അങ്ങോട്ട് ദഹിക്കില്ല.നാട്ടറിവുകള്‍ എല്ലാ രാജ്യങ്ങളുടേയും സമ്പത്താണ്."Folk Lore"എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഇത്തരം പഠനങ്ങളെ സര്‍ക്കാര്‍തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.കേരള പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇതിന് വേണ്ടി ഒരു Institute തന്നെയുണ്ട്.
വിപിന്‍ ധൈര്യമായി എഴുതൂ.ഇനി എന്റെ ഒരു അനുഭവസാക്ഷ്യം ഇതാ.
“ പൊന്‍ കൊരണ്ടി” വേര് (ഒരു അങ്ങാടിമരുന്ന്) പൊടിയാക്കി കഷായമാക്കി രാവിലേയും വൈകുന്നേരവും ഒരോ ഗ്ലാസ്സ് വീതം കഴിച്ചാല്‍ ഏത് കടുത്ത പ്രമേഹവും കുറയും.
പ്രമേഹം പൂര്‍ണ്ണമായും മാറ്റാനാവില്ല.നിയന്ത്രിച്ച് നിര്‍ത്താനേ സാധിക്കൂ എന്ന കാര്യം ഓര്‍ക്കുക.
ആശംസകളോടെ.
വെള്ളായണി

Anonymous said...

വിജയന്‍ സാറേ,
ഇഞ്ചിനീരും ഉലുവാപ്പൊടിയും ചേര്‍ത്തടിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം ഭവിക്കും എന്ന് ഭവാന്‍ പറഞ്ഞത് കണ്ടിരുന്നില്ലേ? നാട്ടറിവിനെ സംശയിക്കുകയോ?

jayanEvoor said...

വിപിന്‍....

ഇന്നാണ് ഇത് കണ്ടത്.
ബി.ആര്‍.പി. ഭാസ്കര്‍ സാറിന്റെ ലിങ്ക് വഴി.
ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

ആയുര്‍വേദം എല്ലാ രോഗങ്ങളും ചികിത്സിച്ചു മാറ്റാം എന്നു പറയുന്നില്ല.
രോഗങ്ങള്‍ രണ്ടു വിധം - സാദ്ധ്യം, അസാദ്ധ്യം.

സാദ്ധ്യരോഗങ്ങള്‍ രണ്ടു വിധം - സുഖസാധ്യം(എളുപ്പം ഭേദമാക്കാവുന്നത്), കൃഛ്രസാദ്ധ്യം (പ്രയാസപ്പെട്ട് ഭേദമാക്കാവുന്നത്)

അസാദ്ധ്യ രോഗങ്ങള്‍ രണ്ടു വിധം - യാപ്യം, അനുപക്രമം.ഇവ രണ്ടും ചികിത്സിച്ചു മാറ്റാനാവില്ല.

യാപ്യം = എത്രകാലം ആയുസ്സുണ്ടൊ, അത്രയും കാലം യുക്തമായ ആഹാരം, ഔഷധം, വിഹാരം ഇവ കൊണ്ട് നിയന്ത്രിച്ചു നിര്‍ത്താവുന്നത്.
ആയുസ്സ് തീരുന്നതു വരെ കഷ്ടപ്പെടാതെ ജീവിക്കാം, ആയുര്‍വേദ വിധികള്‍ അനുസരിച്ചാല്‍.

അനുപക്രമം = ഈ രോഗങ്ങള്‍ക്ക് ചികിത്സ ഇല്ല തന്നെ. ഡോക്ടര്‍ക്കു ചെയ്യാവുന്നത്, അക്കാര്യം രോഗിയുടെ ബന്ധുവിനോട് തുറന്നു പറഞ്ഞ് അറ്റകൈ പ്രയോഗങ്ങള്‍ നടത്തുക എന്നതു മാത്രം (പ്രത്യാഖ്യേയ പ്രസാധയേത് എന്ന് അഷ്ടാംഗഹൃദയം)

ഇത് മനസ്സിലാക്കാതെ എല്ല രോഗങ്ങള്‍ക്കും ഒറ്റമൂലി എന്നത് ആയുര്‍വേദ രീതിയല്ല.

എന്നാല്‍, ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞതിനും അപ്പുറത്തുള്ള നാട്ടറിവുകള്‍ എല്ലാ നാട്ടിലുമെന്ന പോലെ നമുക്കും ധാരാളമായുണ്ട്.

പക്ഷേ പ്രമേഹം നിശ്ശേഷം മാറ്റാം എന്ന രീതിയിലുള്ള അവകാശവാദങ്ങള്‍ ശരിയല്ല.

ഡയബെറ്റിസ് മെലിറ്റസ് എന്ന രോഗം “മധുമേഹം” എന്നാണ് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നത്.

ഇത് ഒരു യാപ്യ രോഗമാണ്. അനുയോജ്യമായ ആഹാരം, ഔഷധം, വിഹാരം എന്നിവകൊണ്ട് നിയന്ത്രിച്ച് നിര്‍ത്തി ആയുസ് ഉള്ളത്ര കാലം ജീവിക്കാം.

ആയുസ് നീട്ടാന്‍ ആയുര്‍വേദത്തിനെന്നല്ല ഒന്നിനും കഴിവില്ല.

ആയുസ് രണ്ടു തരം - സുഖായുസ്, ദു:ഖായുസ്.

സുഖായുസ് ആയുള്ളയാള്‍ ആയുഷ്കാലം കാര്യമായ രോഗപീഡയില്ലതെ സുഖമായി ജീവിക്കുന്നു.മരിക്കുന്നു.

ദു:ഖായുസ് കഷ്ടപ്പെട്ടു ആയുഷ്കാലം താണ്ടി ജീവിച്ചു മരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://ayurveda-jayanevoor.blogspot.com/

വായിക്കാന്‍ ആളുണ്ടെങ്കില്‍ കൂടുതല്‍ എഴുതാം.
dr.jayan.d@gmail.com

അനില്‍@ബ്ലോഗ് said...

കൊള്ളാം,
ആത്മവിശ്വാസത്തെ അംഗീകരിക്കുന്നു.
തുടരുക.

ജയന്‍ ഏവൂരിന്റെ ബ്ലോഗൂടെ ഒന്ന് നോക്കട്ടെ.

വിപിന്‍ said...

അങ്കിള്‍...
അറിവൂള്ളവര്‍ക്കാര്‍ക്കും ഇത്തരം പാരമ്പര്യവിജ്ഞാന ശകലങ്ങളെ അവഗണിക്കാനാവില്ല. ഞാന്‍ കണ്ടതും കേട്ടതും പഠിച്ചതും മാത്രമാണ് ഈ പ്രപഞ്ചത്തിലെ അറിവിന്റെ ചക്രവാളമെന്നു കരുതുന്നത് കേവലം ഭോഷത്വമാണ്.
‘വിവേചനമില്ലാത്ത’ തെരഞ്ഞെടുപ്പ് ഇനിയുണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കാം
നന്ദി!

“ പൊന്‍ കൊരണ്ടി” വേര് (ഒരു അങ്ങാടിമരുന്ന്) പൊടിയാക്കി കഷായമാക്കി രാവിലേയും വൈകുന്നേരവും ഒരോ ഗ്ലാസ്സ് വീതം കഴിച്ചാല്‍ ഏത് കടുത്ത പ്രമേഹവും കുറയും” വെള്ളായണിച്ചേട്ടാ ഈ അനുഭവ വിജ്ഞാനശകലത്തിനു നന്ദി! അഭിപ്രായങ്ങള്‍ക്കും.

പ്രിയമുള്ള ഡോക്ടര്‍ ജയന്‍,
‘സ്വാസ്ഥ്യം’ സന്ദര്‍ശിച്ചതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി!
എന്നെപ്പോലെ മെഡിക്കല്‍ സയന്‍സിന്റെ അ ആ ഇ ഈ... അറിയാത്ത ഒരാള്‍ പലയിടത്തുനിന്നായി കിട്ടിയ നാട്ടറിവുകള്‍ സമാഹരിച്ചപ്പോള്‍ പറ്റിയ ചില പിഴവുകളാണ് താങ്കള്‍ ചൂണ്ടിക്കാണിച്ചത്.
‘പ്രമേഹം നിശ്ശേഷം മാറ്റാ’മെന്ന ആ പ്രയോഗം ശരിയല്ലെന്നു മനസ്സിലാക്കി അന്നു തന്നെ നീക്കം ചെയ്തിരുന്നു.
താങ്കളുടെ ബ്ലോഗ് എന്നെപ്പോലുള്ള നിരക്ഷരര്‍ക്ക് ഏറെ വിജ്ഞാനപ്രദമാണ്.
തുടരുക...

അനില്‍...
ആത്മവിശ്വാസം, അതു മാത്രമാണ് കൈമുതലായുള്ളത്. നന്ദി!

Anonymous said...

ithokke saayippu paranjaal njangal angeekarikkum vipin. saayippu patent eduthu kaanichaal njangal ithokke padichu shardikkum. athu vare ithokke puchathode kaanum

വികടശിരോമണി said...

മിക്ക പോസ്റ്റുകളും ഇന്നാണ് വായിക്കാനൊത്തത്.
മികച്ചൊരു ശ്രമമാണ്.നെറ്റിന്റെ ലോകം കൂടുതൽ വിപുലവും സമഗ്രവുമാകുന്ന അവസ്ഥ ഇങ്ങനെയാണുണ്ടാകുന്നത്.എല്ലാ വിധ ആശംസകളും.
വിയോജിപ്പുകൾ സ്വാഭാവികമാണ്,ശാസ്ത്രം വിയോജിപ്പുകളിലൂടെയേ മുന്നോട്ടു പോയിട്ടുള്ളൂ.
തുടരുക,വീണ്ടും തീർച്ചയായും വരും.
ആശംസകൾ.

hAnLLaLaTh said...

വിയോജിപ്പുകളെ നേരിടാനുള്ള ആത്മ വിശ്വാസം കൈ വിടാതിരിക്കുക ....

.എഴുതുക...കാത്തിരിക്കുന്നു ...

asha said...

വിപിൻ, കഴിഞ്ഞ പോസ്റ്റിലെ പാളിച്ചകൾ മാറ്റി സ്വന്തമായി അനുഭവമുള്ളതു മറ്റുള്ളവരുമായി തുടർന്നും പങ്കുവെയ്‌ക്കൂ.
ഞങ്ങളുടെ വീട്ടിൽ പ്രയോഗിച്ചിരുന്ന ചില പൊടിക്കൈകൾ

ചുമയ്ക്ക് പലപ്പോഴും പൂവാംകുരുന്നിലയും കറിവേപ്പീലയും കൂടി അരച്ചു തന്നിരുന്നു. അല്ലെങ്കിൽ തുളസിനീര്.

പിന്നെ എനിക്ക് മഞ്ഞപിത്തം വന്നപ്പോൾ ഏഴു ദിവസം കിഴുകാനെല്ലി സമൂലം അരച്ചു കഴിച്ചിരുന്നു. കൂടാതെ ഭക്ഷണത്തിന് വളരെ നിയന്ത്രണങ്ങളുണ്ടായിരുന്നു. കൂടുതലും പഴവർഗ്ഗങ്ങളായിരുന്നു കഴിച്ചത് പിന്നെ ഉപ്പും എണ്ണയും പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു.

സതീശ് മാക്കോത്ത്| sathees makkoth said...

വിപിൻ,
ആശംസകൾ ഇത്തരമൊരു സംരംഭത്തിന്.
എന്റെ ഒരു അനുഭവം പറയാം. കുട്ടിക്കാലം മുതൽക്കേ എനിക്ക് വലിവ് വരാറുണ്ടായിരുന്നു.തണുപ്പുകാലമായാൽ പിന്നെ ഒരു രക്ഷയുമില്ല.ശക്തിയായ വലിവ്‌ തന്നെ.മരുന്ന് കഴിച്ചാൽ തൽക്കാലം നിൽക്കും. എനിക്ക് ഓർമ്മ വെച്ചകാലം മുതൽ ഇതിന് വേണ്ടി ധാരാളം ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചുപോന്നു.
ഒരു തണുപ്പ് കാലത്ത് രാത്രി എനിക്ക് വലിവ് ആ‍രംഭിച്ചു.ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. ഞാനന്ന് എട്ടാം ക്ലാസ്സിലായിരുന്നെന്നാണ് എന്റെ ഓർമ്മ.രാത്രി വണ്ടി വിളിക്കാനോ ആശുപത്രിയിൽ പോകാനോ അന്ന് അവസ്ഥയുണ്ടായിരുന്നില്ല.എന്റെ സ്ഥിതികണ്ട് സഹിക്കവയ്യാതെ അമ്മ വീട്ടുവളപ്പിലുണ്ടായിരുന്ന മരുന്ന് ചെടികളിൽ നിന്ന് ഇലകളൊക്കെ പറിച്ച്,കുറേ കുരുമുളകും ഇട്ട് അടുപ്പിൽ‌വെച്ച് വാട്ടി അതിന്റെ നീരുപിഴിഞ്ഞ് തന്നു.സത്യം പറയട്ടെ അതില്പിന്നെ ഇന്നേവരെ എനിക്ക് വലിവ് വന്നിട്ടില്ല.
എങ്കിൽ പിന്നെ ഈ മരുന്നെന്താ നേരത്തേ കഴിക്കാതിരുന്നതെന്ന ചോദ്യമുണ്ടാകാം.പച്ചമരുന്ന് കഴിച്ച് ഈ അസുഖം മാറുമെന്ന അറിവില്ലാതിരുന്നത് ഒന്നാമത്തെ കാര്യം.പിന്നെ ഇംഗ്ലീഷ് മരുന്നിലുള്ള അമിത വിശ്വാസം.
എന്തായാലും ധൃതിയിലുണ്ടാക്കിയ ആ മരുന്ന് എനിക്ക് ഫലിച്ചു.അമ്മയ്ക്കുപോലും എന്തൊക്കെ ചേർത്താണ് പിഴിഞ്ഞതെന്ന് അറിയില്ല എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം.
ആടലോടകം(വലുത്),തൃത്താവ്,തുളസി,കിരിയാത്ത് തുടങ്ങിയവയുടെ ഇലകളതിലുണ്ടായിരുന്നു എന്നാണ് അമ്മ പറയുന്നത്.

ഒരുകാര്യം പറയട്ടെ. എല്ലാ വൈദ്യശാസ്ത്രങ്ങൾക്കും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. അത് നമ്മളംഗീകരിച്ചേ മതിയാവൂ.

വിപിന്‍ said...

പേരറിയാത്ത സുഹൃത്തേ... നന്ദി!

വികടശിരോമണീ... ‘സ്വാസ്ഥ്യം’ തുടരുകതന്നെ ചെയ്യും... ആശംസകള്‍ക്ക് നന്ദി!

hAnLLaLaTh... നന്ദി സുഹൃത്തേ... ഗൃഹവൈദ്യക്കുറിപ്പുകളുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കുക.

ആശ... താങ്കളുടെ കുറിപ്പുകള്‍ ദേശാ‍ന്തരഭേദമെന്യേ നമ്മുടെ തൊട്ടുമുന്‍പുള്ള തലമുറ ആര്‍ജ്ജിച്ചിരുന്ന അതുല്യമായ വൈദ്യ വിജ്ഞാനത്തിന്റെ തിരുശേഷിപ്പുകളാണ്.
നന്ദി! വീണ്ടും വരിക.

സതീശ് മാക്കോത്ത്...
ഈ ദീര്‍ഘമായ കുറിപ്പെഴുതാന്‍ കാട്ടിയ സന്മനസ്സിന്, ഈ കുറിപ്പു പങ്കുവയ്ക്കുന്ന പോയകാലത്തിന്റെ നന്മയെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ക്ക് ഏറെ നന്ദി!
“എല്ലാ വൈദ്യശാസ്ത്രങ്ങൾക്കും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. അത് നമ്മളംഗീകരിച്ചേ മതിയാവൂ.”
സര്‍വ്വത്മനാ അംഗീകരിക്കുന്നു...

sadu സാധു said...

പിതാമഹന്മാർ നമ്മുക്കു തന്നിരിക്കുന്ന് അനുഭവപരിച്ചയമാണ് എതോരു ശാസ്ത്രതിന്റെയും അടിസ്ഥാനം . അതിനെ ആധരിച്ചെടുതാൽ മാത്രമെ
ഫലസിദ്ധിയുള്ളു.

വിപിൻ ചേട്ടന്റെ സംരംഭങ്ങൾക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.