Wednesday, July 15, 2009

കര്‍ക്കടകക്കഞ്ഞി കുടിക്കാം...

മഴതോരാത്ത പഞ്ഞക്കര്‍ക്കടകത്തില്‍ ആരോഗ്യവും പ്രതിരോധശേഷിയും ക്ഷയിക്കുമെന്നാണ്‌ പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്‌. കഴിഞ്ഞ ഒരു കൊല്ലത്തെ ജീവിതം കൊണ്ട്‌ ശരീരത്തിനുണ്ടായ ആന്തരികവും ബാഹ്യവുമായ ക്ഷതങ്ങള്‍ക്ക്‌ ഒരു മാസത്തോളം നീളുന്ന ഔഷധക്കഞ്ഞിസേവ പരിഹാരമാകുമെന്ന് അവര്‍ കരുതി
ദാരിദ്ര്യം ചുരമാന്തുന്ന പഞ്ഞമാസത്തില്‍ ചുറ്റും കാണുന്ന ഔഷധങ്ങള്‍ ചേര്‍ത്ത്‌ കഞ്ഞിവച്ചു കുടിച്ചും ആരോഗ്യം സംരക്ഷിക്കാമെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചു. ആ വിശ്വാസത്തെയും സ്വജീവിതം കൊണ്ട് അവരാര്‍ജ്ജിച്ചെടുത്ത അറിവിനെയും നമ്മള്‍ പല ബ്രാന്‍ഡ്‌ നെയിമുകളില്‍ 'കര്‍ക്കടകക്കഞ്ഞി കിറ്റു'കളാക്കിയെന്നത്‌ മറ്റൊരു കഥ!

നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ ശീലിച്ചിരുന്ന ഒരു കര്‍ക്കിടകക്കഞ്ഞിക്കൂട്ടാണു ചുവടെ രേഖപ്പെടുത്തുന്നത്‌. കഴിഞ്ഞുപോയ ഒരു കൊല്ലത്തിലെ ഓരോ മാസത്തിലും ശരീരത്തിനുണ്ടായ ദോഷങ്ങള്‍ക്കു പരിഹാരമായി ഓരോ ഔഷധങ്ങള്‍ ചേര്‍ക്കുന്നു എന്നു സങ്കല്‍പ്പം.

1. ചിങ്ങം - മുക്കുറ്റി
2. കന്നി - കീഴാര്‍നെല്ലി
3. തുലാം - ചെറൂള (വേര്‌)
4. വൃശ്ചികം - തഴുതാമ (വേര്‌)
5. ധനു - മുയല്‍ചെവിയന്‍
6. മകരം - കുറുന്തോട്ടി (വേര്‌)
7. കുംഭം - ബലിക്കറുക
8. മീനം - ചെറുകടലാടി
9. മേടം - പൂവാംകുറുന്നില (വേര്‌)
10. ഇടവം - കക്കും കായ
11. മിഥുനം - ഉലുവ
12. കര്‍ക്കടകം - ആശാളി
(ഇതില്‍ കക്കും കായയുടെ പരിപ്പ്‌ 24 മണിക്കൂര്‍ വെള്ളത്തിലിട്ട്‌ കട്ട്‌ കളഞ്ഞെടുക്കണം)

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ഓരോന്നും 5 ഗ്രാം എന്ന കണക്കില്‍ ആകെ (12x5) 60 ഗ്രാം ചതച്ച്‌ കിഴികെട്ടി ഉണക്കലരി കഞ്ഞിവച്ച്‌ കര്‍ക്കടകമാസം മുഴുവന്‍ കഴിക്കാം.
കടപ്പാട്‌ : സ്വാമി നിര്‍മ്മലാനന്ദഗിരി മഹരാജ്‌

7 comments:

വിപിന്‍ said...

നാളെ കര്‍ക്കടക മാസം ആരംഭിക്കുന്നു...
നമ്മുടെ പൂര്‍വ്വികര്‍ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വര്‍ഷചര്യയിലുള്‍പ്പെടുത്തിയിരുന്ന ഒരു നാടന്‍ കര്‍ക്കടകക്കഞ്ഞിക്കൂട്ട് ഇതാ...
................................
അഭിപ്രായങ്ങളും അറിവുകളും പങ്കുവയ്ക്കണേ...

ശ്രീ said...

ഇതു നന്നായി, മാഷേ. നന്ദി

നിരക്ഷരൻ said...

മിധുനത്തില്‍ കഴിക്കുന്നതാണോ ഉലുവക്കഞ്ഞി ?

വിപിന്‍ said...

നന്ദി ശ്രീ...

അങ്ങനെയല്ല നിരക്ഷരന്‍ മാഷേ...
കര്‍ക്കടകക്കഞ്ഞിക്കൂട്ടിലെ ഒരു ചേരുവയാണ് ഉലുവ. ഉലുവ ചേര്‍ക്കുന്നത് മിഥുന മാസത്തിലുണ്ടായ ശാരീരികദോഷങ്ങള്‍ക്കു പരിഹാരമായിട്ടാണ് എന്നു ഭാവന.

ബിന്ദു കെ പി said...

നന്ദി വിപിൻ, ഈ പോസ്റ്റിന്.
കക്കും കായ എന്നാൽ കടുക്ക ആണോ?

വിപിന്‍ said...

അല്ല ബിന്ദൂ...
അത് അങ്ങാടിമരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടും.
കക്കുവള്ളി എന്ന ചെടിയുടെ കായാണത്രേ...
നന്ദി!

ബഷീർ said...

എല്ലാം ഇപ്പോൾ പാക്കറ്റുകളിൽ നിറച്ച് കിട്ടുകയാണല്ലോ. അതൊക്കെ മുഴുവൻ വിശ്വസിച്ച് വാങ്ങാൻ പറ്റുമോ എന്നത് വേറെകാര്യം